മണീട്: കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി മണീട് പഞ്ചായത്തിൽ വികസനങ്ങൾക്കുപകരം നടന്നത് തമ്മിലടിയും കുതികാൽവെട്ടും അധികാര വടംവലിയും ആണെന്ന് പ്രതിപക്ഷം ശക്തമായി ആരോപിച്ചു. പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയും, അഴിമതിപ്പണത്തിന്റെ വീതം വെപ്പുകളെക്കുറിച്ചുമുള്ള പക നിറഞ്ഞ തർക്കങ്ങളുമല്ലാതെ പഞ്ചായത്തിന്റെ അടിസ്ഥാന വികസന പ്രശ്നങ്ങളിലോ, ജനജീവിതത്തിലോ ഗുണപരമായി ഇടപെടാനോ, സമൂഹത്തിൽ മാറ്റം വരുത്താനോ, ഭരണസമിതി തയ്യാറായിട്ടില്ല എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളിൽ സമീപ പഞ്ചായത്തുകൾ പുരോഗതി കൈവരിച്ചപ്പോൾ വൻ പിന്നോട്ടടിയാണ് മണീട് പഞ്ചായത്ത് നേരിട്ടത്.
പ്രതിപക്ഷം ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ:
കാർഷിക മേഖല:
- നെൽകൃഷി വികസനത്തിനായി സർക്കാർ അനുവദിച്ച 10 കോടിയോളം രൂപയുടെ നിർമ്മാണം പാതിവഴിയിൽ മുടങ്ങികിടക്കുന്നു.
- സംസ്ഥാന സർക്കാർ ലക്ഷങ്ങൾ അനുവദിച്ചിട്ടും അത് വിനിയോഗിക്കാതെ ഹെക്ടർ കണക്കിന് നെൽവയലുകൾ തരിശുകിടക്കുമ്പോൾ തരിശ് രഹിത പഞ്ചായത്ത് എന്ന് പ്രസിഡൻ്റ് പ്രഖാപിച്ചു.
- കാർഷിക വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച കോടികൾ വിലവരുന്ന യന്ത്രസാമഗ്രികൾ തുരുമ്പ് എടുത്ത് നശിക്കുന്നു.
- ജലസേചനത്തിനായി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച തടയണകൾ പലതും പണിപൂർത്തിയായി 6 മാസത്തിനകം തകർന്ന് കിടന്നിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല.
റോഡ്:
- കേന്ദ്രസംസ്ഥാന സർക്കാരുകൾ കോടികൾ അനുവദിച്ച് നിർമ്മാണം തുടങ്ങിയ മേമ്മുഖം ആരക്കുന്നം റോഡ് 4 വർഷമായി മുടങ്ങികിടക്കുന്നു.
- വെട്ടിക്കൽ – ഏഴക്കരനാട് – വെട്ടിത്തറ മുടക്കിൽ കടവ് റോഡ് മുടങ്ങി കിടക്കുന്നു. പണിപൂർത്തീകരിച്ച ഭാഗം ദിവസങ്ങൾക്കുള്ളിൽ തകർന്നിട്ടും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചില്ല.
- നീർക്കുഴി കുനഞ്ചേരി മടക്കിൽകടവ് റോഡ് കാൽനടയാത്രക്കാർക്കു പോലും യാത്രചെയ്യാൻ പറ്റാത്തവിധം തകർന്നിട്ട് വർഷങ്ങളായി. പഞ്ചായത്ത് ഒന്നും ചെയ്തില്ല.
- മില്ലുംപടി-കീഴേത്തുകുഴി റോഡ് തകർന്നു കിടന്ന റോഡ് നാട്ടുകാരാണ് പിരിവെടുത്ത് നന്നാക്കിയത്.
- 6-ാം വാർഡിൽ ചേലയ്ക്കൽത്താഴം പ്രദേശത്ത് പുതുതായി താമസിക്കുന്ന 20 ൽ പരം കുടുംബങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡ് സഞ്ചാരയോഗ്യമാക്കി കൊടുത്തില്ല.
- നെച്ചൂർപള്ളിപ്പടി പുത്തൻനടറോഡ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റീടാർ ചെയ്ത് 3 മാസ ത്തിനുള്ളിൽ പൊട്ടിപൊളിഞ്ഞ് പോയിട്ട് നടപടിയെടുത്തില്ല.
കുടിവെള്ളം:
- കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ പദ്ധതി പൂർത്തീകരിക്കാത്തതുമൂലം നിരവധി ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു.
- ജലജീവൻ പദ്ധതിക്കായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ട്രീറ്റ്മെൻറ് പ്ലാന്റും പമ്പുഹൗസും നിർമിച്ചു നൽകിയില്ല.
- ജോസ്.കെ.മാണിയുടെ എം.പി.ഫണ്ടിൽ നിന്നും 65ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച കുന്നത്തുമറ്റം കുടിവെള്ള പദ്ധതി എവിടെയും എത്താതെ നിൽക്കുകയാണ്.
- തോമസ് ചാഴിക്കാടൻ എം.പിയുടെ ഫണ്ട് 34 ലക്ഷം ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരിക്കാനായില്ല.
പട്ടികജാതി വികസനം:
- പട്ടികജാതി ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പഞ്ചായത്ത് ഒന്നും ചെയ്തുനൽകിയില്ല.
- കുന്നത്തുമറ്റം പട്ടികജാതി വികസനത്തിന് അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ ഒരു കോടിരൂപ അനുവദിച്ചിട്ടും പ്രവർത്തികൾ പൂർത്തികരിക്കാനായില്ല.
- പൊതു ശ്മശാനത്തിനായി 1 ഏക്കർ 97.5 സെൻ്റ് സ്ഥലം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വാങ്ങിയിട്ട് ശ്മശാനം നിർമ്മിച്ചില്ല.
- പൊതുകളിസ്ഥലത്തിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടും കളിസ്ഥലം നിർമ്മിക്കാനായില്ല.
- പൈനാപ്പിൾ ഇലയിൽ നിന്നും നൂൽ ഉൽപാദിപ്പിക്കുന്ന യൂണിറ്റ് ഉൽഘാടനം കഴിഞ്ഞിട്ട് പ്രവർത്തിക്കാത്തതിനാൽ ലക്ഷങ്ങൾ വിലവരുന്ന യന്ത്രങ്ങൾ തുരുമ്പ് എടുത്ത് നശിക്കുന്നു.
- സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിച്ചില്ല.
ഇങ്ങനെ നിരവധിയാണ് പ്രതിപക്ഷം ഭരണസമിതിക്കെതിരെ ഉന്നയിക്കുന്ന പ്രശ്നങ്ങൾ. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ആണ് ഈ വികസനമുരടിപ്പിന് കാരണം എന്നാണ് പ്രതിപക്ഷം ഒന്നടങ്കം പറയുന്നത്. മികച്ചൊരു തിരിച്ചുവരവ് തങ്ങളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കാം എന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്.

