ഇലഞ്ഞിയിലാകെ തെരുവുനായ്ക്കളുടെ വിളയാട്ടം

ഇലഞ്ഞി: ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിനു സമീപം കോളജ് വിദ്യാർഥിയായ എഴുപത്തിയഞ്ചുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റു.  ആലപുരം മടുക്ക എഴുകാമലയിൽ പി.എം. തങ്കമ്മയ്ക്കാണ് നായയുടെ കടിയേറ്റത്. ഇലഞ്ഞി ടൗണിൽ കടയിൽ നിന്നു സാധനം വാങ്ങുന്നതിനിടെയാണ് അതുവഴിയെത്തിയ തെരുവുനായ കാലിൽ കടിച്ചത്.

ഇലഞ്ഞി ഗവ. ആശുപത്രിയിലും മൂവാറ്റുപുഴയിലെ ആശുപത്രിയിലും ചികിത്സ തേടി. ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളജിൽ ബികോം ഓണേഴ്സിൽ മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് തങ്കമ്മ. എഴുപത്തിനാലാം വയസ്സിൽ കോളജിലെത്തിയ തങ്കമ്മ വാർത്തകളിലൂടെ ശ്രദ്ധ നേടിയിരുന്നു. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി വർധിക്കുകയാണ്.

ഏതാനും നാളുകൾക്കിടെ ഒട്ടേറെ പേർ നായയുടെ ആക്രമണത്തിനിരയായി. ഇലഞ്ഞി സെൻട്രൽ കവല, മാർക്കറ്റ് കവല, ആലപുരം കവല, കോതോലിപ്പീടിക, പഞ്ചായത്ത് കവല എന്നിവിടങ്ങൾ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. ഇലഞ്ഞി ടൗണിലെ കടകൾക്കു മുൻപിൽ തമ്പടിക്കുന്ന നായ്ക്കൾ പത്ര വിതരണക്കാർക്കു നേരെ പാഞ്ഞടുക്കുന്നത് പതിവ് സംഭവമാണ്. നായ്ക്കളുടെ ആക്രമണം ഭയന്ന് ഇലഞ്ഞി ബസ് സ്റ്റാൻഡിനു നടുവിലേക്ക് യാത്രക്കാർക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു.

രാവിലെ 7 മണി വരെയും രാത്രി 8ന് ശേഷവുമാണ് നായ്ക്കൾ കൂടുതലും അക്രമകാരികളാകുന്നത്. ഒറ്റപ്പെട്ട് എത്തുന്ന കാൽനട യാത്രക്കാർ, ബസ് സ്റ്റോപ്പിൽ നിൽക്കുന്നവർ എന്നിവരാണ് പലപ്പോഴും ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ ദിവസം ഇലഞ്ഞി ടൗണിനടുത്ത് നായ ചത്തു കിടന്നതിനു സമീപം നിലയുറപ്പിച്ച മറ്റൊരു നായ ആളുകളെ വഴി നടക്കാൻ അനുവദിക്കാത്ത സ്ഥിതി ഉണ്ടായി. ഇതുവഴി എത്തിയ യാത്രക്കാരിയുടെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ നിറച്ച കൂട് കടിച്ചു പറിച്ചു.

എബിസി പദ്ധതിയിൽ പഞ്ചായത്ത് രണ്ടര ലക്ഷം രൂപ എബിസി കേന്ദ്രത്തിൽ അടച്ചിട്ടുണ്ട്. നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നു അധികൃതരെ അറിയിച്ചിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. എത്രയും വേഗം നായ്ക്കളെ ഉന്മൂലനം ചെയ്യാൻ നടപടി സ്വീകരിക്കണം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു