പിറവം: പിറവം നഗരസഭാ തിരഞ്ഞെടുപ്പിന് ഇടതു മുന്നണിയിൽ ധാരണയായി. സീറ്റുവിഭജനം പൂർത്തിയായി. നഗരസഭയിലെ 28 ഡിവിഷനുകളിൽ 19 സ്ഥലത്ത് സിപിഎമ്മും ആറിടത്ത് സിപിഐയും രണ്ടിടത്ത് കേരള കോൺഗ്രസ് മാണി വിഭാഗവും ഒരിടത്ത് ജനതാദളും മത്സരിക്കും.
നിലവിലെ നഗരസഭാധ്യക്ഷ അഡ്വ. ജൂലിസാബു, ഉപാധ്യക്ഷൻ കെ.പി. സലിം, ഡോ. അജേഷ് മനോഹർ സ്ഥിരംസമിതി അധ്യക്ഷരായ ജൂബിപൗലോസ്, അഡ്വ. ബിമൽചന്ദ്രൻ, പി. ഗിരീഷ്‌കുമാർ, എന്നിവർ വീണ്ടും ജനവിധി തേടും. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അന്തർജനത്തിന്റെ മകനും മുൻ പഞ്ചായത്തംഗവുമായ പി.കെ. പ്രസാദ്, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എൽ. മാഗി എന്നിവർ പുതുമുഖങ്ങളിൽ ഉൾപ്പെടുന്നു. ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 13-ന് വൈകീട്ട് 4-ന് പിറവത്തെ കുട്ടികളുടെ പാർക്കിൽ നടക്കും.



