പിറവം: പിറവം ടൗണിലും പരിസരങ്ങളിലും തടസ്സങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.പിറവം കക്കാട് 110 കെവി സബ് സ്റ്റേഷനിൽ നിന്നുള്ള പന്ത്രണ്ടോളം ഫീഡറുകളിൽ പിറവം, മുളക്കുളം ഫീഡറുകളുടെ തുടക്കത്തിൽ പതിമ്മൂന്ന് കിലോമീറ്ററിലാണ് ഭൂഗർഭ കേബിൾ ഇടുന്നത്. ഇതോടൊപ്പം പിറവം ടൗണിന് മാത്രമായൊരു ലൈനുമുണ്ടാകും.സബ് സ്റ്റേഷനിൽനിന്ന് മൂന്ന് കേബിളുകൾക്കുള്ള പ്രാരംഭ പ്രവർത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നത്. കേബിൾ കടത്തിവിടാനുള്ള ഹൈ ഡെൻസിറ്റി പോളി എഥിലീൻ പൈപ്പ് (എച്ച്ഡിപിഇ പൈപ്പ്) സ്ഥാപിക്കുന്ന പണിയാണ് തുടങ്ങിയത്.
സബ് സ്റ്റേഷനിൽനിന്ന് കക്കാട് മഞ്ഞനാക്കുഴി ഭാഗത്തുവരെ എത്തുന്ന മൂന്ന് പൈപ്പുകളിൽ രണ്ടെണ്ണം പള്ളിക്കവല വഴിയും മറ്റൊന്ന് ഏലിയാമ്മ നഗർ, കൊള്ളിക്കൽ വഴി പിറവം ആശുപത്രിക്കവലയിലുമാണ് എത്തിച്ചേരുന്നത്.പാതയോരം വെട്ടിത്താഴ്ത്താതെ നിശ്ചിത അകലത്തിൽ കുഴിയെടുത്ത് അതിലൂടെ ആധുനിക മെഷീൻ ഉപയോഗിച്ച് പൈപ്പ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
പിറവം ടൗണിൽ മാത്രം അൻപതോളം ട്രാൻസ്ഫോർമറുകളിൽ ഭൂഗർഭ കേബിളിൽനിന്ന് വൈദ്യുതി എത്തും. മുളക്കുളം ഫീഡറിന്റെ രണ്ടു ഭാഗങ്ങളിൽ കേബിൾ വൈദ്യുതിയെത്തും. പിറവം ടൗണിന് മാത്രമായുള്ളതാണ് മറ്റൊന്ന്. അത് പള്ളിക്കവല വഴി ത്രീ റോഡ് കവലയിൽ നിലവിലുള്ള ടൗൺ 11 കെവി ലൈനുമായി ബന്ധിപ്പിക്കും. വിവിധ കേന്ദ്രങ്ങളിൽ റിങ് മെയിൻ (ആർഎംയു) യൂണിറ്റുകൾ സ്ഥാപിച്ചാണ് ഭൂഗർഭ കേബിളിൽനിന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. പതിനാറിടത്ത് ആർഎംയു സ്ഥാപിക്കും. അതിനാൽ വിദൂര മേഖലകളിൽ എവിടെയെങ്കിലും ലൈനിൽ പ്രശ്നമുണ്ടായാൽ സബ് സ്റ്റേഷനിൽ ലൈൻ ട്രിപ്പാകുന്ന ഇപ്പോഴത്തെ രീതി ഒഴിവാകും.
കേന്ദ്രപദ്ധതി, ചെലവ് 6.55 കോടി
: വൈദ്യുതിവിതരണ ശൃംഖല കാര്യക്ഷമമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയിൻ കീഴിൽ 6.55 കോടി രൂപ ചെലവിലാണ് ഇത് നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി വകുപ്പ് മൂവാറ്റുപുഴ ഡിവിഷന് കീഴിൽ 14 സെക്ഷനുകളുള്ളതിൽ പിറവത്തിന് മുന്തിയ പരിഗണന നൽകിയാണ് ഇത് നടപ്പാക്കുന്നത്. പദ്ധതിയിൻ കീഴിൽ കക്കാട് 110 കെവി സബ് സ്റ്റേഷനിൽ നിന്ന് പിറവം പള്ളിക്കവല വരെ 3.5 കിലോമീറ്റർ നീളത്തിലും ആശുപത്രിക്കവല വരെ 5 കിലോമീറ്റർ നീളത്തിലും മുല്ലൂർപ്പടി വരെ 4.5 കിലോമീറ്റർ നീളത്തിലുമാണ് ഭൂഗർഭ കേബിളിടുന്നത്. എച്ച്ഡി പൈപ്പ് സ്ഥാപിച്ച് കേബിളിട്ട്, ചാർജ് ചെയ്യുന്നതടക്കമുള്ള പണികളാണ് ഇന്ത്യൻ കേബിൾസിന് കരാർ നൽകിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്കകം പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ

