പിറവത്ത് സ്ഥാനാർഥികളെ തേടി മുന്നണികൾ

പിറവം : തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ സ്ഥാനാർഥികളെ കണ്ടെത്തി രംഗത്തിറക്കാനായിരുന്നു മുന്നണികളുടെ ലക്ഷ്യമെങ്കിലും ഇനിയും സ്ഥാനാർഥികളെ പൂർണമായി നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. പിറവം മേഖലയിൽ മൂന്നു മുന്നണികളുടെയും അവസ്ഥ ഇതാണ്. ഏതാനും വനിതാ സംവരണ ഡിവിഷനുകളിൽ നിലവിലുള്ള കൗൺസിലർമാരുടെ ഭാര്യമാരെ രംഗത്തിറക്കാനാണ് യുഡിഎഫ് നീക്കം. ഇടതുമുന്നണിയിൽ ആരും ഭാര്യമാരെ ഇറക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നിലവിലുള്ള നഗരസഭാധ്യക്ഷയും ഉപാധ്യക്ഷനും സ്ഥിരംസമിതി അധ്യക്ഷരുമടക്കം ആറുപേരെങ്കിലും വീണ്ടും ജനവിധി തേടും. ആദ്യ നഗരസഭയിൽ രണ്ട് കൗൺസിലർമാരുണ്ടായിരുന്ന എൻഡിഎയും സ്ഥാനാർഥികളെ തേടുകയാണ്. പഴയ കൗൺസിലർമാരെ ഇക്കുറി വീണ്ടും രംഗത്തിറക്കും.

മണീട് ഗ്രാമപ്പഞ്ചായത്തിൽ ഇടതുമുന്നണിയിൽ സ്ഥാനാർഥിനിർണയം ഏറക്കുറെ പൂർത്തിയായപ്പോൾ യുഡിഎഫിൽ കോൺഗ്രസിലെ തർക്കം തുടരുകയാണ്. രാമമംഗലത്ത് ഇടതുമുന്നണിയിൽ സ്ഥാനാർഥിനിർണയം ഏറക്കുറെ പൂർത്തിയായി. പൂർത്തിയായ വാർഡുകളിൽ പ്രചാരണം തുടങ്ങി ബോർഡുകൾ സ്ഥാപിച്ചു. യുഡിഎഫിൽ ചർച്ചകൾ തുടരുകയാണ്. ഏതാനും വാർഡുകളിൽ ശക്തമായ ത്രികോണ മത്സരത്തിനൊരുങ്ങുകയാണ് ബിജെപി. നിലവിലുള്ള ബിജെപി അംഗത്തിന്റെ ഭാര്യ സ്ഥാനാർഥിയാണ്.

പാമ്പാക്കുടയിൽ യുഡിഎഫിൽ ഏറക്കുറെ സീറ്റ് ധാരണയായി. നിലവിലുള്ള വൈസ് പ്രസിഡന്റ് വീണ്ടും ജനവിധി തേടും. മറ്റുള്ളവർ പുതുമുഖങ്ങളായിരിക്കും. ഇടതുമുന്നണിയിൽ സീറ്റുധാരണയായി. പതിനഞ്ചിൽ പതിമൂന്നിടത്ത് സിപിഎമ്മും രണ്ട് വാർഡുകളിൽ സിപിഐയും മത്സരിക്കും. സിപിഎം മത്സരിക്കുന്ന വാർഡുകളിൽ സ്ഥാനാർഥിനിർണയം പൂർത്തിയായി.

അതേസമയം വിമത യുഡിഎഫായി പിറവിയെടുത്ത ‘ഐക്യമുന്നണി’പതിനഞ്ച് സ്ഥാനാർഥികളെയും നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു