പിറവം: ടൗണിൽ വൈദ്യുതി വിതരണ കാര്യക്ഷമമാക്കുന്നതിനു ആരംഭിച്ച ഭൂഗർഭ കേബിൾ പദ്ധതി പൂർത്തിയാകുമ്പോഴേക്കും ശുദ്ധജലം കിട്ടാക്കനി ആകുമോയെന്ന ആശങ്ക ശക്തം. കേബിളിനു വേണ്ടി യന്ത്ര സഹായത്തോടെ റോഡ് കുഴിക്കുന്നതിനിടയിൽ ശുദ്ധജല വിതരണ പൈപ്പ് പലയിടത്തായി തുടർച്ചയായി പൊട്ടിയതോടെയാണിത്. ഹോളികിങ്സ് ക്നാനായ കത്തോലിക്കാ പള്ളി റോഡിലും കരക്കോടും കഴിഞ്ഞ ദിവസങ്ങളിൽ പൈപ്പ് പൊട്ടി.
ഹോളികിങ്സ് പള്ളി റോഡിൽ പൈപ്പു പൊട്ടിയതു മൂലം ഇൗ ഭാഗത്തേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടതോടെ ജല അതോറിറ്റിയുടെ കണക്‌ഷൻ ആശ്രയിക്കുന്ന ഉപഭോക്താക്കൾ ക്ലേശത്തിലാണ്.തിരക്ക് ഒഴിവാക്കുന്നതിനു രാത്രിയിലാണു റോഡ് കുഴിക്കുന്നത്. പൈപ്പ് കടന്നു പോകുന്ന ഭാഗം കണ്ടെത്താതെ അതിഥിത്തൊഴിലാളികളുടെ നേതൃത്വത്തിൽ റോഡ് കുഴിക്കുന്നതാണു തകർച്ചയ്ക്കു പ്രധാന കാരണമായി പറയുന്നത്.
അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിൽ ജല അതോറിറ്റി മെല്ലെപ്പോക്കിലാണെന്നു കൗൺസിലർ രാജു പാണാലിക്കൽ കുറ്റപ്പെടുത്തി. കേബിൾ ജോലിക്കിടെ പൈപ്പ് തകരുന്നതിനാൽ അറ്റകുറ്റ പ്പണിക്കുള്ള തുക കെഎസ്ഇബി നൽകണമെന്ന വാദമാണ് ജല അതോറിറ്റി ഉയർത്തുന്നത്.പ്രശ്നത്തിൽ നടപടി ആവശ്യപ്പെട്ടു യുഡിഎഫ് കൗൺസിലർമാർ വൈദ്യുതി ഓഫിസ് ഉപരോധിച്ചു.

