കൂത്താട്ടുകുളം; ഹരിയാന സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. എംസി റോഡിൽ വൈക്കം കവലയ്ക്ക് സമീപമാണ് അപകടം. കാർയാത്രികരായ അച്ചിൻ ഖന്ന (48), ഭാര്യ പൂജ (50), മക്കൾ സുഹാന (16), സായിഷ (12) എന്നിവർക്കും എതിരെവന്ന കാറിലെ യാത്രക്കാരായ എറണാകുളം വൈറ്റില സ്വദേശി ആഹാസ് (32), പത്തനംതിട്ട സ്വദേശി മെറിൻ (25) എന്നിവർക്കുമാണ് പരിക്കേറ്റത്. ബുധൻ പകൽ ഒന്നിനാണ് അപകടം. എതിർദിശകളിൽ എത്തിയ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അച്ചിനും കുടുംബവും മൂന്നാറിൽ വിനോദയാത്രയ്ക്കുശേഷം മടങ്ങിവരികയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൂത്താട്ടുകുളം അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. കൂട്ടിയിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡിന്റെ നടുവിൽക്കിടന്ന വാഹനം വശത്തേക്ക് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

