നല്ല വാർത്ത കാത്ത് വെളിയനാട് ഗ്രാമം

പിറവം

​ആഫ്രിക്കൻ രാജ്യമായ മൊസംബിക്കിൽ ഓയിൽ വെസലിൽ ബോട്ട് ഇടിച്ച് കടലിൽ കാണാതായ മെക്കാനിക്കൽ എൻജിനിയർ ഇന്ദ്രജിത് സന്തോഷിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും. അപകടവിവരമറിഞ്ഞ് നിരവധിപേരാണ് എടയ്ക്കാട്ടുവയൽ വെളിയനാട് പോത്തൻകുടിലിൽ വീട്ടിലെത്തുന്നത്. മൊസാംബികിലെ ബെയ്റ തുറമുഖത്തിനുസമീപം കഴിഞ്ഞ 16നാണ് അപകടം നടന്നത്. 14നാണ് ഇന്ദ്രജിത് നാട്ടിൽനിന്ന്‌ പോയത്. സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്റ്‌ എന്റർപ്രൈസസ് ഷിപ്പിങ്‌ കമ്പനിയുടെ കപ്പലിലേക്ക് ജോലിക്ക് ബോട്ടിൽ പോകുംവഴിയാണ് അപകടം. അച്ഛൻ സന്തോഷ് ജോലിചെയ്യുന്ന കമ്പനിയിലാണ് ഇന്ദ്രജിത്തും ജോലിക്ക് കയറിയത്. അനുജൻ അഭിജിത് സന്തോഷ് ഇതേ കമ്പനിയുടെ ഖത്തർ ബ്രാഞ്ചിലേക്ക് ജോലിക്ക് പോകാനിരിക്കെയാണ് സഹോദരൻ അപകടത്തിൽപ്പെട്ടത്. ആഫ്രിക്കയിലുള്ള സന്തോഷ് തിങ്കളാഴ്ച നാട്ടിലെത്തും. ഇന്ദ്രജിത്തിന്റെ സമീപവീടുകളിൽനിന്ന്‌ ഇരുപതിലേറെപ്പേർ വിവിധ രാജ്യങ്ങളിലായി കപ്പലിൽ ജോലിചെയ്യുന്നുണ്ട്.

ബോട്ട് ആഴക്കടലിൽ; 
തിരച്ചിൽ കാര്യക്ഷമമാക്കണം

അപകടത്തിൽപ്പെട്ടവർക്കായുള്ള തിരച്ചിലിൽ ഞായറാഴ്‌ചയും കാര്യമായ പുരോഗതി റിപ്പോർട്ട് ചെയ്തിട്ടില്ല. ബോട്ട് കിടക്കുന്ന ഭാഗത്തെക്കുറിച്ച്‌ സൂചന കിട്ടിയെങ്കിലും അടുത്തെത്താനായിട്ടില്ല. ആധുനിക ഉപകരണങ്ങളുള്ള കപ്പൽ സേവനം ലഭ്യമായാലേ രക്ഷാപ്രവർത്തനം പുരോഗമിക്കു. ​ഇന്ത്യൻ നേവിയുടെ സഹായം മൊസാംബിക്കിലെ ഇന്ത്യൻ ഹൈക്കമീഷണൻവഴി കമ്പനി ആവശ്യപ്പെട്ടതായാണ് വിവരം. ബെയ്റ തുറമുഖ അതോറിറ്റി ഇൻസ്പെക്ടർമാർ, ഇന്ത്യൻ ഹൈക്കമീഷണർ, കമ്പനി അധികൃതർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇന്ത്യൻ നേവി കപ്പൽ കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ചർച്ചചെയ്തു. അനുയോജ്യമായ ഉപകരണങ്ങളുമായി നേവി കപ്പൽ അയക്കാൻ മൊസാംബിക്ക് വിദേശകാര്യ മന്ത്രാലയം കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം ശനിയാഴ്‌ച നടന്ന തിരച്ചിലിൽ അപകടത്തിൽ മുങ്ങിയ ബോട്ട് ആഴക്കടലിൽ കണ്ടതായി സൂചനയുണ്ടെന്ന്‌ കന്പനി അധികൃതർ ഇന്ദ്രജിത്തിന്റെ ബന്ധുക്കളെ അറിയിച്ചു. ചെറിയ ബോട്ടും സൗകര്യങ്ങളുമാണ് തിരച്ചിലിന്‌ ഉണ്ടായിരുന്നത്. കാലാവസ്ഥയും പ്രതികൂലമായിരുന്നു. ഞായറാഴ്ച കൂടുതൽ വലിയ ബോട്ട് രക്ഷാപ്രവർത്തനത്തിനിറങ്ങുമെന്നും കമ്പനി അധികൃതർ അറിയിച്ചു.​​

ഇന്ദ്രജിത്തിന്റെ വീട് എസ് സതീഷ് സന്ദർശിച്ചു

പിറവം

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ എണ്ണക്കപ്പലിൽ ഇടിച്ചുതകർന്ന ബോട്ടിൽനിന്ന്‌ കടലിൽ വീണ്‌ കാണാതായ ഇന്ദ്രജിത് സന്തോഷിന്റെ കുടുംബാംഗങ്ങളെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിച്ചു. വെളിയനാട് പോത്തൻകുടിലിൽ വീട്ടിലെത്തി അമ്മ ഷീന, സഹോദരൻ അഭിജിത് സന്തോഷ് തുടങ്ങിയവരുമായി സംസാരിച്ചു. ഏരിയ സെക്രട്ടറി പി ബി രതീഷ്, ഏരിയ കമ്മിറ്റി അംഗം എ ഡി ഗോപി, ലോക്കൽ സെക്രട്ടറി എം ആർ സതീഷ്‌കുമാർ എന്നിവർ ഒപ്പമുണ്ടായി.​

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു