തിരുമാറാടി: പ്രധാനമായും കാർഷികമേഖലയ്ക്ക് ഊന്നൽകൊടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളായിരുന്നു പഞ്ചായത്തിൽ ഉടനീളം. പഞ്ചായത്തിലെ 9-ആം വാർഡ് ഹരിതഗ്രാമമായി ഗവൺമെൻറ് പ്രഖ്യപിക്കുകയുണ്ടായി. കാർഷിക മേഖലയിൽ നൽകിയ സഹായങ്ങൾ ഉത്പാദനത്തിൽ ഇരട്ടി വർധനവുണ്ടാക്കി. ഇത് ജനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാക്കുന്നതിനു കാരണമാകുകയും ചെയ്തു. ജൈവ പച്ചക്കറികൾ പഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി. ഒമ്പത് പാടശേഖരങ്ങളിൽ ചിറകളുടെ നവീകരണം പുരോഗമിക്കുന്നു. തരിശായി കിടന്ന ഒലിയപ്പുറം വടക്കനോടി, കാക്കൂർ തിരുനിലം പാടശേഖരം, മണ്ണത്തൂർ പാടശേഖരങ്ങൾ 8.80 കോടി രൂപ ചെലവഴിച്ച് കൃഷിയോഗ്യമാക്കി. പള്ളിപ്പാലം ചിറയ്ക്ക് പുതിയ ഷട്ടർ നിർമിച്ചു.
അടിസ്ഥാനമേഖലയിലും വൻ മാറ്റങ്ങളാണ് ഈ കാലങ്ങളിൽ ഉണ്ടായത്. താറുമാറായി കിടന്നിരുന്ന മുഴുവൻ റോഡുകളും നവീകരിച്ചു. പഞ്ചായത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രവർത്തനമായി മാറി. ജില്ലയിലെ മികച്ച ദേവഹരിതം പച്ചത്തുരുത്തിനുള്ള പുരസ്കാരം തിരുമാറാടി പഞ്ചായത്തിന് ലഭിച്ചിരുന്നു. ഒരു വർഷംകൊണ്ട് 172 പുതിയ വ്യവസായങ്ങൾ തുടങ്ങി. ലൈഫിൽ 94 വീടുകൾ പൂർത്തിയായി, 17 വീടുകൾ നിർമാണം പുരോഗമിക്കുന്നുണ്ട്. കൂടാതെ എടപ്ര ക്ഷേത്രക്കുളം നവീകരിച്ചു നൽകി.
കോവിഡ് മഹാമാരിയിൽ ഉലഞ്ഞു നിന്നപ്പോഴും മികച്ചൊരു പ്രവർത്തനം കാഴ്ചവയ്ക്കാൻ പഞ്ചായത്തിനായി. അതുകൊണ്ടുതന്നെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് പഞ്ചായത്ത് ഭരണ സമിതി.

