ചോറ്റാനിക്കര: ഭരണത്തുടർച്ച ഉണ്ടാകാൻ കഴിയുന്നത്ര മികവാർന്ന പ്രവർത്തനങ്ങളായിരുന്നു പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ചുമതല ഏറ്റെടുത്ത ആദ്യ രണ്ടു വർഷം കോവിഡ്, പ്രളയം തുടങ്ങിയ മഹാമാരിയുമായി ബന്ധപ്പെട്ട ആശ്വാസ പ്രവർത്തനങ്ങൾക്കായിരുന്നു ഊന്നൽ കൊടുത്തിരുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇതര പഞ്ചായത്തുകൾക്ക് മാതൃകയാകാൻ ചോറ്റാനിക്കര പഞ്ചായത്തിനായിട്ടുണ്ട്. ഭരണത്തിലുടനീളം കൊണ്ടുവന്ന പദ്ധതികളൊക്കെയും വലിയ ജന പങ്കാളിത്തത്തോടെ വിജയിപ്പിക്കാൻ ഭരണസമിതിക്കായിട്ടുണ്ട്.
അതിൽ എടുത്തുപറയേണ്ടതായിരുന്നു കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനായി കുടുംബശ്രീയുടെ സഹകരണത്തോടെ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. ഒരു കുപ്പി വെള്ളത്തിന് കടകളിൽ 15 മുതൽ 20 രൂപ ഉള്ളപ്പോൾ വളരെ കുറഞ്ഞ ചിലവിൽ എല്ലാവർക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ‘വാട്ടർ എ ടി എം’ ആശയം ചോറ്റാനിക്കര പഞ്ചായത്ത് മുന്നോട്ടുവച്ചത് ഒരുപാട് ജനശ്രദ്ധ നേടിയിരുന്നു. വിശപ്പുരഹിത ചോറ്റാനിക്കര എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ 4000 ആളുകൾക്ക് സൗജന്യമായി ഭക്ഷണം ഉൾപ്പെടെ 70000 പേർക്ക് 30 രൂപ വിലയിൽ ഉച്ചഭക്ഷണം നൽകുകയും ചെയ്തു. ഇതിനകം 2 ജനകീയ ഹോട്ടലുകളും സ്ഥാപിച്ചിട്ടുണ്ട്.
നവ വിജ്‍ഞാനകേരളം എന്ന കേരള സർക്കാരിന്റെ പ്രഘ്യാപിത ലക്‌ഷ്യത്തിനായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന നവകേരള മിഷൻ പദ്ധതികൾ പരമാവധി ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് ഭരണസമിതി പ്രഥമ പരിഗണന നൽകിയത്. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി രവീന്ദ്രന്റെ പേരിൽ സ്ഥാപിച്ച വി ആർ എം അക്കാദമി യുവജനങ്ങൾക്കായി ഒരു ലൈഫ് ലോങ്ങ് ലേർണിംഗ് സെന്റർ എന്ന നിലയിൽ സജീവമായി പ്രവർത്തിക്കുന്നു.
ലൈഫ് പദ്ധതിയിലൂടെ നിർമിച്ച 120 വീടുകൾക്ക് താക്കോൽദാനം നിർവഹിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നൂതനമായ ഒരുപാട് പദ്ധതികൾ കാർഷിക മേഖലയിൽ കൊണ്ടുവരാൻ സാധിച്ചു. അതി ദരിദ്രരില്ലാത്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി ‘അതിദരിദ്രരില്ലാത്ത ചോറ്റാനിക്കര’ എന്ന പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു.
ശുചിത്വ മാലിന്യ സംസ്കരണ രംഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ ‘മാലിന്യ മുക്ത ചോറ്റാനിക്കര’ എന്ന ലക്‌ഷ്യം നേടുന്നതിന് സഹായകമായി. കഴിഞ്ഞ 5 വർഷങ്ങൾക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങൾക്കും പരമാവധി ക്ഷേമം എത്തിക്കുന്നതിന് പഞ്ചായത്തിനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയും അധികാരത്തിൽ തുടരാനാകും എന്ന് തന്നെയാണ് ഭരണസമിതിയുടെ ആത്മവിശ്വാസം.

