അഭിമാനമായി ആമ്പല്ലൂർ: പദ്ധതികളെല്ലാം പൂർത്തിയാക്കി പഞ്ചായത്ത് ഭരണസമിതി

ആമ്പല്ലൂർ: ഭരണത്തിൽ വന്നതിനു ശേഷം തുടങ്ങിയ എല്ലാ പദ്ധതികളും പൂത്തിയാക്കാൻ സാധിച്ചു എന്നതാണ് ഭരണസമിതിയുടെ അഭിമാന നേട്ടമായി കണക്കാക്കുന്നത്. മാലിന്യ മുക്ത നവകേരളത്തിൽ നമ്പർ വൺ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ആമ്പല്ലൂർ ആണ്. അധികാരത്തിൽ വന്നപ്പോൾ തന്നെ പറഞ്ഞൊരു വാഗ്‌ദാനമായിരുന്നു മാലിന്യ മുക്ത പഞ്ചായത്തായി ആമ്പല്ലൂരിനെ മാറ്റുമെന്നത്. അതിൽ വളരെയധികം മുന്നോട്ടുപോകാൻ പഞ്ചായത്തിന് കഴിഞ്ഞു. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തിയ ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ഒന്ന് ആമ്പല്ലൂരായിരുന്നു. 

പഴയ പഞ്ചായത്ത് ഓഫീസ് സംസ്ഥാന ഗവൺമെന്റിന്റെ അനുമതിയോടെ കാഞ്ഞിരമറ്റം ജംഗ്‌ഷനിൽ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ടതാണ്. പഞ്ചായത്തിന് സ്വന്തമായി ഒരു ബഡ്‌സ് സ്കൂൾ ഇല്ലായിരുന്നു. അവർക്കായി സ്‌കൂൾ പണിയുവാൻ സാധിച്ചു. വളരെ മോശമായ അവസ്ഥയിലായിരുന്ന കമ്മ്യൂണിറ്റി ഹാൾ നവീകരിച്ച് നല്കാൻ കഴിഞ്ഞു. ലൈഫ് പദ്ധതിയിൽ ഏകദേശം 168-ഓളം ആളുകൾക്ക് വീട് നിർമ്മിച്ച് കൊടുത്തു. 

വിവിധ റോഡുകളുടെ പണി പൂർത്തിയാക്കാൻ സാധിച്ചു. അരയൻകാവിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 5 സെന്റ് സ്ഥലം പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കാർഷിക മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനായി ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ രണ്ട് മോട്ടറുകൾ സ്ഥാപിച്ചു. പതിനാറോളം വാർഡുകളിൽ മിനി ഹൈ മാക്സ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. ലൈറ്റുകൾ മാറ്റി എൽ. ഇ. ഡി ലൈറ്റുകൾ സ്ഥാപിക്കപ്പെട്ടു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി. 

കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്‌ഷനിൽ അടിക്കടി ഉണ്ടായിരുന്ന വെള്ളക്കെട്ട് മാറ്റാനായി കൈത്തോടുകളിലെയും മറ്റും മാലിന്യങ്ങൾ വൃത്തിയാക്കി. അരയൻകാവ് മാർക്കറ്റിനായി പഞ്ചായത്തിന്റെ സമ്മർദപരമായി ആദ്യഗഡുവായി എം.എൽ. എ 65 ലക്ഷം അനുവദിക്കുകയും അതിന്റെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്‌തു. 12 സ്ഥലങ്ങളിൽ മഴവാഹിനികൽ സ്ഥാപിക്കപ്പെട്ടു. 16 വാർഡുകളിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുവാൻ സാധിച്ചു. തോടുകൾ നവീകരിച്ചു. 

കഴിഞ്ഞ 5 വർഷങ്ങൾ പൂർണമായും നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ആമ്പല്ലൂർ ഭരണസമിതി. 

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു