രാമമംഗലം: പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ, തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിച്ചില്ലെന്നും ഒരു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രസിഡന്റ് പദം രണ്ടരവർഷംവീതം ഊഴമിട്ട് പകുത്തെങ്കിലും കോൺഗ്രസിലെ തമ്മിലടി പരിഹരിക്കാനായില്ലെന്നും, അധികാര വടംവലിയും അഴിമതിയും സ്വജനപക്ഷപാതവും രാമമംഗലം പഞ്ചായത്തിനെ തള്ളിയിട്ടത് വികസനമുരടിപ്പിലേക്കെന്നും പ്രതിപക്ഷം.
വീട് നിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പിന് കൂട്ടുനിന്ന് പണം പറ്റുന്നതായും ആരോപണമുണ്ട്. റോഡ് നവീകരിക്കുന്നതിനായി കേബിൾ കമ്പനിയിൽ നിന്ന് 98 ലക്ഷം രൂപ പഞ്ചായത്തിന് ലഭിച്ചിട്ടും, നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തിന്റെ പല മേഖലകളിലുമുള്ള അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരു പദ്ധതിപോലും നടപ്പാക്കിയില്ല. സംസ്ഥാന സർക്കാർ നൽകുന്ന ഫണ്ട് വിനിയോഗിക്കാൻ കഴിയാത്തത് പഞ്ചായത്ത് ഇടപെടാത്തതുകൊണ്ടാണ് എന്നാണ് പ്രതിപക്ഷം പറയുന്നത്. വ്യക്തിഗത ആനുകൂല്യങ്ങളുടെ ലിസ്റ്റ് വെട്ടിത്തിരുത്തി എന്ന ആക്ഷേപവും ഭരണസമിതിക്ക് എതിരെ ഉയർന്നിട്ടുമുണ്ട്. എംഎൽഎ ഫണ്ടും, ജില്ലാ പഞ്ചായത്ത് ഫണ്ടും ഭരണകക്ഷിയിലുള്ള മെമ്പർമാർക്ക് വേണ്ടി മാത്രമായി പക്ഷപാതപരമായി വിനിയോഗിക്കുന്നു എന്നുമുള്ള ആരോപണവും നിലവിലുണ്ട്.
പൊതു സ്മശാനം എന്ന ആവശ്യം ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നും, കോൺട്രാക്ട് എടുത്തിട്ടും തെരുവ് വിളക്കുകളുടെ മെയിന്റനൻസ് നടക്കുന്നില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പഞ്ചായത്തിനെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു എന്നല്ലാതെ സമ്പൂർണ്ണമായി പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ ഭരണസമിതിക്കായിട്ടില്ല. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിൽപോലും പക്ഷപാതം കാണിക്കുന്നു എന്നും ആരോപണമുണ്ട്.

