ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ചോറ്റാനിക്കര: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ ചോറ്റാനിക്കര പഞ്ചായത്തിലെ പാർട്ടികളിൽ അടിതട്ട് മുതൽ ആവേശോജ്വലമായ നീക്കങ്ങളും ചർച്ചകളും ആരംഭിച്ചിരിക്കുകയാണ്. പല പാർട്ടികളിലും നേരത്തെ തന്നെ ധാരണയായ വാർഡുകളിൽ സംവരണം വന്നത് മുന്നണികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌.

ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്‌ മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ്‌ പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ. ഒരു വശത്ത്‌ സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ്‌ നിൽക്കുന്ന നേതൃത്വത്തോട് ജനറൽ വാർഡുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത്‌ വിവാദങ്ങൾ ഉയർത്തുന്നതാണ്‌ നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്‌. ‍

ജനങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഊന്നൽ നൽകി നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നിലവിലെ ഭരണസമിതി നടത്തി എന്ന് ഭരണപക്ഷം അവകാശപ്പെടുന്നു. എന്നാൽ പഞ്ചായത്തിനെ കാര്യമായ പുരോഗതിയിലെത്തിക്കാൻ കഴിയാത്ത ഈ ഭരണപക്ഷം തിരഞ്ഞെടുപ്പിൽ പരാജപ്പെടുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു