പിറവം; എടയ്‌ക്കാട്ടുവയൽ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടി എൽഡിഎഫ് കുറ്റപത്രസമർപ്പണവും പഞ്ചായത്ത് ഓഫീസ് മാർച്ചും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. സി കെ ബാബു അധ്യക്ഷനായി. ഷീ മോൾ പ്രകാശ്, എം ആർ സതീഷ്, രാജു തെക്കൻ, പി കെ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. കാർഷിക വിപണിക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കുമായി നിർമിച്ച മന്ദിരം കൈയേറി പഞ്ചായത്ത് ഓഫീസാക്കി മാറ്റി കർഷകരെ വഞ്ചിച്ചു. നൂറിലേറെ ഹെക്ടർ തൊട്ടൂർ തിരുമറയൂർ പാട ശേഖരങ്ങൾ ഉൾപ്പെടെ തരിശുകിടക്കുന്നു. നെൽക്കൃഷിക്ക് ബാങ്കുകളിൽനിന്ന് പലിശരഹിത വായ്പനൽകുമെന്ന പ്രഖ്യാപനം നടത്തിയും വഞ്ചിച്ചു. തോട്ടറ പുഞ്ച വികസനമെന്ന പേരിൽ കോടികൾ മുടക്കി പുഞ്ചയിലൂടെ റോഡ് വെട്ടി ഭരണനേതൃത്വം ലക്ഷങ്ങൾ തട്ടി, ഇതോടെ വെള്ളക്കെട്ട് രൂക്ഷമായി. കുന്നപ്പിള്ളി, ആരക്കുന്നം, തോട്ടറ, കൈപ്പട്ടൂർ, തഴപ്പാടം, നടക്കകം, വെളിയനാട്. തിരുമറയൂർ, മങ്ങാടപ്പിള്ളി, അമർപാടം, തഴപ്പാടം, വെളിയനാട് പാടശേഖരങ്ങളുടെ വികസനം നടത്തിയില്ല. തെറ്റാലി പാടത്തെ കൃഷിക്ക് കനാലിൽനിന്ന് കൊടിമറ്റം കുളംവരെ വെള്ളം എത്തിക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. ചെത്തിക്കോട് പാടശേഖര ലിഫ്റ്റ് ഇറിഗേഷനും നടന്നില്ല. പെരിയാർവാലി കനാൽ കടുപിടിച്ച് നശിച്ചു. വെളിയനാട് ആയുർവേദ ആശുപത്രിയുടെ വികസനം നടന്നില്ല. രാത്രികാലങ്ങളിൽ മൃഗസംരക്ഷണവകുപ്പിന്റെ സേവനം ലഭ്യമാക്കിയില്ല. ഊരകത്തുള്ള പഞ്ചായത്ത് സ്കൂൾ നന്നാക്കാൻ നടപടിയെടുത്തില്ല. ഇൻഡോർ സ്റ്റേഡിയവും സിന്തറ്റിക് കോർട്ടും എങ്ങുമെത്തിയില്ല. എടയ്‌ക്കാട്ടുവയലിലെ കളിസ്ഥലം, തൊട്ടുർ കളിസ്ഥലം, കൈപ്പട്ടൂർ പഞ്ചായത്ത് ഗ്രൗണ്ട്, വെളിയനാട് സ്കൂൾ ഗ്രൗണ്ട്, നവീകരിക്കുമെന്നതും പാർപ്പാകോട് ഓപ്പൺ ഗ്രൗണ്ട് ഫ്ലഡ്‌ലൈറ്റ് സൗകര്യവുമെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. കേന്ദ്രഫണ്ടിൽ നിർമിക്കുന്ന പേപ്പതി–വട്ടപ്പാറ റോഡ് നിർമാണവും നിലച്ചു. കൊല്ലം നിരപ്പ് ഭാഗത്ത് തനതു കുടിവെള്ളപദ്ധതിയും ജലരേഖയായതായും കുറ്റപത്രത്തിൽ പറയുന്നു.

