കൂത്താട്ടുകുളം : മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പുനടത്തിയ സംഭവത്തിൽ വെളിയന്നൂർ കണ്ണൻകോട്ടിൽ കെ.ആർ. രഞ്ജിത് (40), വെളിയന്നൂർ താമരക്കാട് കണ്ണൻകോട്ടിൽ സുരേഷ് കുമാർ (50), പള്ളിത്താഴത്ത് അനൂപ് (46) എന്നിവർ പോലീസ് പിടിയിലായി.
കാനറ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയിൽ ആഴ്ചകൾക്കു മുൻപുനടന്ന തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ബാങ്ക് കൂത്താട്ടുകുളം ശാഖയിലെ അപ്രൈസർ രഞ്ജിത്തിന്റെ സഹായത്തോടെ നിരവധിപേരാണ് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ഉദ്യോഗസ്ഥൻ കൂടി ഉൾപ്പെട്ട ഏഴംഗസംഘമാണ് തട്ടിപ്പിനുപിന്നിലെന്ന് പോലീസ് കണ്ടെത്തി കാനറ ബാങ്കിലെ അപ്രൈസർ കെ.ആർ. രഞ്ജിത്തിന്റെ സഹായത്തോടെയാണ് മുക്കുപണ്ടം പണയംവെച്ച് ബാങ്കിനെ കബളിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ബാങ്കിന് 29,31,000 രൂപയുടെ നഷ്ടം വരുത്തിയതായി ബാങ്ക് മാനേജർ കൂത്താട്ടുകുളം പോലീസിൽ മൊഴി നൽകിയിരുന്നു. സംസ്ഥാനത്ത് മുക്കുപണ്ട പണയത്തട്ടിപ്പ് നടത്തുന്ന സംഘത്തെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരകളെ കണ്ടെത്തി ബാങ്കുകളിലെ അപ്രൈസർമാർ വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

