പിറവം : പിറവം നഗരസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായെങ്കിലും സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. ആകെയുള്ള 28-ൽ 20 ഡിവിഷനുകളിൽ കോൺഗ്രസും ആറിടത്ത് കേരള കോൺഗ്രസ് ജേക്കബും രണ്ടിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കാനാണ് ധാരണ. പക്ഷേ എല്ലായിടത്തും സ്ഥാനാർഥികളെ ഇനിയും രംഗത്തിറക്കാനായിട്ടില്ല. ജോസഫ് ഗ്രൂപ്പ് വഴി യുഡിഎഫിലെത്തിയ ജിൽസ് പെരിയപ്പുറത്തിന് നഗരസഭാ 26-ാം ഡിവിഷൻ അനുവദിച്ച സാഹചര്യത്തിൽ അവർക്ക് നേരത്തേ വിട്ടുകൊടുത്ത രണ്ട് ഡിവിഷനുകളിലൊന്നിൽനിന്ന് അവർ പിന്മാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഏഴാം ഡിവിഷനാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. അതിൽ ഇനിയും തീരുമാനമായില്ല. എന്നാൽ കോൺഗ്രസ് മത്സരിക്കുന്ന ഇരുപത് ഡിവിഷനുകളിലും സ്ഥാനാർഥികളായതായി കോൺഗ്രസ് ഭാരവാഹികളായ ഡിസിസി സെക്രട്ടറി കെ.ആർ. പ്രദീപ്കുമാറും, മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള വിൽസൺ കെ. ജോണും പറഞ്ഞു. കോൺഗ്രസിലെ മൂന്ന് സിറ്റിങ് വനിതാ കൗൺസിലർമാർ വീണ്ടും ജനവിധി തേടും.

